'പ്രായം ഒരു നേട്ടമല്ല. ഒരാൾ നിങ്ങളുടെ അങ്കിളോ ആന്റിയോ, ബന്ധുവോ, മുതിർന്ന ആളോ ആയി എന്നത് കൊണ്ടുമാത്രം അവർ ആ ആദരവിന് അർഹരാകുന്നില്ല. പ്രായം കൊണ്ടുമാത്രമാണ് ബഹുമാനം ലഭിക്കേണ്ടതെങ്കിൽ, മുതിർന്ന എല്ലാ വ്യക്തികളും വിവേകമുള്ളവരാകുമായിരുന്നു; എന്നാൽ യാഥാർത്ഥ്യം അതല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം'.
മുതിർന്നവരുടെ കാൽതൊട്ട് വന്ദിക്കുന്ന രീതിയെ ചോദ്യം ചെയ്ത് സ്റ്റാർട്ടപ്പ് സ്ഥാപകൻ. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച തന്നെ നടക്കുകയാണ്. പ്രായം കൊണ്ടുമാത്രം ഒരാൾ ആദരവിന് അർഹനാകുന്നുണ്ടോ എന്നും, ബഹുമാനം എന്നത് സാമൂഹിക സമ്മർദ്ദം കൊണ്ടല്ല, മറിച്ച് യഥാർത്ഥ ആദരവിൽ നിന്നാണ് ഉണ്ടാകേണ്ടതെന്നുമാണ് 'നോട്ട് ഡേറ്റിംഗ്' സഹസ്ഥാപകനും സി.ഇ.ഒയുമായ ജസ്വീർ സിംഗ് തന്റെ പോസ്റ്റിൽ പറയുന്നത്.
'പ്രായം കൂടിയതുകൊണ്ടു മാത്രം ഒരാളുടെ കാൽതൊട്ട് വന്ദിക്കുന്ന രീതി അവസാനിപ്പിക്കണം. അത് യഥാർത്ഥ ബഹുമാനമല്ല, മറിച്ച് കുട്ടിക്കാലം മുതൽ കണ്ടുപഠിച്ച ഒരു സാമൂഹിക സമ്പ്രദായം മാത്രമാണ്' എന്ന് സിംഗ് കുറിച്ചു. കുടുംബങ്ങളിൽ നിന്ന് പഠിപ്പിച്ചുവിടുന്നതുകൊണ്ടാണ് പലരും ചിന്തിക്കുകപോലും ചെയ്യാതെ ഈ രീതി യാന്ത്രികമായി പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രായക്കൂടുതൽ ഉള്ളതുകൊണ്ടു മാത്രം ഒരാൾ ബഹുമാനത്തിന് അർഹനാകുന്നു എന്ന ആശയത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
'പ്രായം ഒരു നേട്ടമല്ല. ഒരാൾ നിങ്ങളുടെ അങ്കിളോ ആന്റിയോ, ബന്ധുവോ, മുതിർന്ന ആളോ ആയി എന്നത് കൊണ്ടുമാത്രം അവർ ആ ആദരവിന് അർഹരാകുന്നില്ല. പ്രായം കൊണ്ടുമാത്രമാണ് ബഹുമാനം ലഭിക്കേണ്ടതെങ്കിൽ, മുതിർന്ന എല്ലാ വ്യക്തികളും വിവേകമുള്ളവരാകുമായിരുന്നു; എന്നാൽ യാഥാർത്ഥ്യം അതല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം'.
'മതപരമായ വസ്ത്രങ്ങൾ ധരിച്ചതുകൊണ്ടോ, രക്തബന്ധമുള്ളവരായതുകൊണ്ടോ മാത്രം ഒരാൾക്കും ഈ ബഹുമാനം ലഭിക്കരുത്. വ്യക്തിത്വത്തിന് മാത്രമാണ് അത് നേടാനാകുക. അർത്ഥവത്തായ എന്തെങ്കിലും നേടിയ വ്യക്തികളുടെ മാത്രം കാൽതൊട്ട് വന്ദിക്കുക. ഈ വ്യക്തിയിൽ നിന്ന് എനിക്ക് കാര്യങ്ങൾ പഠിക്കാനുണ്ട് എന്ന് തോന്നിപ്പിക്കുന്നവരുടെ മുന്നിൽ മാത്രം തലകുനിക്കുക' അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിർന്നവരോട് അനാദരവ് കാണിക്കണം എന്നല്ല താൻ ഉദ്ദേശിച്ചതെന്നും, ബഹുമാനം എന്നത് ആത്മാർത്ഥമായി തോന്നുമ്പോൾ മാത്രം ചെയ്യേണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജസ്വീർ സിംഗിന്റെ കുറിപ്പ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ഇതിനെ 'ആദരവിനേക്കാൾ' ഉപരിയായി ഒരു 'പരിഗണന' അല്ലെങ്കിൽ 'മര്യാദ' ആയി കണക്കാക്കാം എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അതേസമയം, ജസ്വീർ പറഞ്ഞത് ശരിവച്ചുകൊണ്ടും ഒരുപാടുപേർ രംഗത്തെത്തി.
