ബാൽക്കണിയിലെ പ്രാവുകളുടെ ശല്യം ഒഴിവാക്കാൻ ഒരു യുവാവ് കൃത്രിമബുദ്ധിയിൽ പ്രവർത്തിക്കുന്ന പ്രതിരോധ സംവിധാനം നിർമ്മിച്ചു. പ്രാവുകളെ തത്സമയം തിരിച്ചറിഞ്ഞ് വെള്ളം ചീറ്റുന്ന ഈ സ്മാർട്ട് സിസ്റ്റം, സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.

ബാൽക്കണിയിലെ പ്രാവുകളുടെ ശല്യം ഒഴിവാക്കാൻ കൃത്രിമബുദ്ധി ഉപയോഗിച്ച് യുവാവ് നിർമ്മിച്ച അത്യാധുനിക പ്രതിരോധ സംവിധാനം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. പരമ്പരാഗത രീതികളെല്ലാം പരാജയപ്പെട്ടപ്പോഴാണ്, പ്രാവുകളെ തത്സമയം തിരിച്ചറിഞ്ഞ് സ്വയം വെള്ളം ചീറ്റുന്ന സ്മാർട്ട് സിസ്റ്റം യുവാവ് വികസിപ്പിച്ചെടുത്തത്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ (Reddit) പങ്കുവെച്ച ഈ വേറിട്ട കണ്ടുപിടുത്തം ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

സ്വയം വെള്ളം ചീറ്റും

ഒരു ഓറഞ്ച് പൈ 5 മിനി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച യുഎസ്ബി ക്യാമറയാണ് ഈ സംവിധാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ക്യാമറ ദൃശ്യങ്ങളിൽ പ്രാവുകൾ പതിയുമ്പോൾ തന്നെ അവയെ കൃത്യമായി തിരിച്ചറിയാൻ 'YOLO World V2' എന്ന അത്യാധുനിക എ ഐ വിഷൻ മോഡൽ സഹായിക്കുന്നു. പ്രാവിനെ കണ്ടെത്തിയാലുടൻ, സെർവോ മോട്ടോറുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു വാട്ടർ ഗൺ പ്രാവുള്ള ദിശയിലേക്ക് തിരിയുകയും സ്വയം വെള്ളം ചീറ്റുകയും ചെയ്യും.

തുടർച്ചയായ നിരീക്ഷണത്തിനായി ഈ സിസ്റ്റത്തിൽ താഴെപ്പറയുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്:

  • ലക്ഷ്യം വെക്കാൻ: രണ്ട് സെർവോ മോട്ടോറുകൾ.
  • വൈദ്യുത നിയന്ത്രണത്തിന്: റെസിസ്റ്ററുകളും ട്രാൻസിസ്റ്ററുകളും.
  • പ്രതിരോധത്തിന്: പരിഷ്കരിച്ച, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക് വാട്ടർ ഗൺ.
  • പ്രവർത്തന ക്ഷമത: മനുഷ്യ സഹായമില്ലാതെ സിസ്റ്റം 24 മണിക്കൂറും പ്രവർത്തിക്കാൻ 'റോക്ക്‌ചിപ്പ് 3588' (Rockchip 3588) ചിപ്പിലെ ബിൽറ്റ് - ഇൻ ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റാണ് (NPU) ഉപയോഗിച്ചിരിക്കുന്നത്.

'ഓപ്പൺ വൊക്കാബുലറി ഡിറ്റക്ഷൻ' (Open vocabulary detection) സാങ്കേതിക വിദ്യയാണ് ഈ AI സിസ്റ്റം ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ആവശ്യാനുസരണം പ്രാവുകൾക്ക് പകരം അണ്ണാൻ, പൂച്ച, എലി അല്ലെങ്കിൽ മറ്റ് ജീവികളെയും തിരിച്ചറിഞ്ഞ് തുരത്താനും ഇതിന്‍റെ സെറ്റിങ്സിൽ മാറ്റം വരുത്താൻ സാധിക്കുമെന്ന് നിർമ്മാതാവ് അവകാശപ്പെടുന്നു.

അഭിനന്ദനവും ആശങ്കകളും

വൻകിട കമ്പനികളിലും ലബോറട്ടറികളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങളിലേക്ക് കൂടി കടന്നുവരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ പ്രോജക്റ്റ് വഴിതുറന്നു. യുവാവിന്‍റെ ഈ ക്രിയേറ്റീവ് ബുദ്ധിയെ ചിലർ പ്രശംസിച്ചു. "ഇനിയിപ്പോ ബാൽക്കണി മാനേജ്‌മെന്‍റും കീടനിയന്ത്രണവും എഐ ഏറ്റെടുത്തു" എന്ന രീതിയിലുള്ള തമാശകളും പങ്കുവെക്കുന്നുണ്ട്. അതേസമയം ഈ ഭൂമിയിൽ മനുഷ്യൻ മാത്രം ജീവിച്ചാൽ മതിയോ എന്ന ചോദ്യങ്ങളും ചില‍ർ ഉന്നയിക്കുന്നു