‘രാത്രി 10 മണിക്ക് ആണുങ്ങൾ മാത്രമുള്ള ഒരു ബസിലാണ് ഞാൻ യാത്ര ചെയ്യുന്നത്. കൂടെ ഒറ്റ സ്ത്രീ പോലുമില്ല. എങ്കിലും എനിക്ക് യാതൊരു ഭയവും തോന്നുന്നില്ല. ഇതിന് ഒരേയൊരു കാരണം മാത്രമേയുള്ളൂ.’
മുംബൈയിൽ രാത്രി വൈകി ബസിൽ യാത്ര ചെയ്തതിന്റെ അനുഭവം പങ്കുവച്ച് യുവതി. രാത്രി പത്ത് മണിയോടെയുള്ള സമയത്ത് തനിക്ക് ചുറ്റും പുരുഷന്മാർ മാത്രമുണ്ടായിരുന്നിട്ടും യാതൊരുവിധ സുരക്ഷിതത്വക്കുറവും തോന്നിയില്ലെന്നാണ് റുതുജ വാർഹഡെ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. മുംബൈ നഗരത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്കാണ് ഈ വീഡിയോ വഴിവെച്ചിരിക്കുന്നത്.
നഗരത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ ബസിനുള്ളിലെ ദൃശ്യങ്ങൾ പകർത്തിയാണ് റുതുജ വീഡിയോ പങ്കുവെച്ചത്. ബസിൽ തനിക്കൊപ്പം മറ്റ് സ്ത്രീകൾ ആരും തന്നെ ഇല്ലായിരുന്നുവെന്ന് അവർ പറയുന്നു.
'രാത്രി 10 മണിക്ക് ആണുങ്ങൾ മാത്രമുള്ള ഒരു ബസിലാണ് ഞാൻ യാത്ര ചെയ്യുന്നത്. കൂടെ ഒറ്റ സ്ത്രീ പോലുമില്ല. എങ്കിലും എനിക്ക് യാതൊരു ഭയവും തോന്നുന്നില്ല. ഇതിന് ഒരേയൊരു കാരണം മാത്രമേയുള്ളൂ, ഞാൻ മുംബൈയിലാണ്' റുതുജ വീഡിയോയിൽ പറഞ്ഞു. തനിച്ച് യാത്ര ചെയ്യുമ്പോഴും ഈ ആത്മവിശ്വാസം നൽകുന്നത് മുംബൈ നഗരവും മഹാരാഷ്ട്രയുമാണെന്നും അവർ വ്യക്തമാക്കി.
വീഡിയോയുടെ ക്യാപ്ഷനിൽ മഹാരാഷ്ട്രയോടുള്ള തന്റെ സ്നേഹവും അവർ പ്രകടിപ്പിച്ചു. 'അതാണ് എന്റെ മഹാരാഷ്ട്ര. നിരവധി മനോഹരമായ കാര്യങ്ങളാൽ അറിയപ്പെടുന്നതാണ് ഈ നഗരം. ഒരു മഹാരാഷ്ട്രക്കാരിയാണെന്നത് എപ്പോഴും അഭിമാനം കൊള്ളിക്കാറുണ്ട്' എന്നും അവർ എഴുതി.
രാത്രി വൈകിയും സജീവമായിരിക്കുന്ന മുംബൈ നഗരത്തെക്കുറിച്ചും ഇവിടുത്തെ പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ചും നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ലോക്കൽ ട്രെയിനുകളും ടാക്സികളും ബസുകളും ഉൾപ്പെടെയുള്ളവ രാത്രി വൈകിയും സുഗമമായി സർവീസ് നടത്തുന്ന നഗരത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന സുരക്ഷിതത്വത്തെയാണ് വീഡിയോയിലൂടെ പലരും എടുത്തുപറയുന്നത്.
