ഏഴ് വയസ്സുള്ള മകന് പലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കും നൽകിയ ശേഷം, കുട്ടിയെ കാറിനുള്ളിൽ തനിച്ചാക്കി ജപ്പാനിലെ ഏറ്റവും വലിയ പർവ്വതമായ മൗണ്ട് ഫുജി കയറാൻ പോയ പിതാവ് അറസ്റ്റിൽ

ടോക്കിയോ: ഏഴ് വയസ്സുള്ള മകന് പലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കും നൽകിയ ശേഷം, കുട്ടിയെ കാറിനുള്ളിൽ തനിച്ചാക്കി ജപ്പാനിലെ ഏറ്റവും വലിയ പർവ്വതമായ മൗണ്ട് ഫുജി കയറാൻ പോയ പിതാവ് അറസ്റ്റിൽ. 42-കാരനായ ചൈനീസ് പൗരൻ ഷാങ് ലിയാങ് ആണ് സംഭവത്തിൽ പോലീസിന്‍റെ പിടിയിലായത്. കുട്ടിയെ തനിച്ചാക്കിയതിന് വ്യാഴാഴ്ച രാത്രിയാണ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഷാങ് തന്‍റെ മകനുമായി മൗണ്ട് ഫുജിയുടെ അഞ്ചാം സ്റ്റേഷനിലുള്ള പാർക്കിംഗ് ഏരിയയിലെത്തുന്നത്. തുടര്‍ന്ന് കുട്ടിയെ കാറിൽ തനിച്ചിരുത്തി ഇയാൾ പർവ്വതം കയറാനായി പോയി.

രാത്രി 8:20 ഓടെ പാർക്കിംഗ് ഏരിയയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു കുട്ടി കാറിനുള്ളിൽ ഒറ്റപ്പെട്ടിരിക്കുന്നത് കണ്ടു. പരിശോധിച്ചപ്പോൾ കുട്ടി സുരക്ഷിതനാണെന്ന് കണ്ടെങ്കിലും കൂടെ ആരും ഉണ്ടായിരുന്നുമില്ല. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി നടത്തിയ അന്വേഷണത്തിനിടെ, രാത്രി 11:30 ഓടെയാണ് ഷാങ് മലകയറ്റം പൂർത്തിയാക്കി കാറിന് അടുത്തേക്ക് തിരികെ എത്തി. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു

ചോദ്യം ചെയ്യലിൽ ഷാങ് കുറ്റം സമ്മതിച്ചു. അഞ്ചാം സ്റ്റേഷൻ വരെ മകനൊപ്പം നടന്നു കയറിയ ശേഷം, അതിനു മുകളിലേക്ക് കയറാൻ കുട്ടി വിസമ്മതിച്ചതിനെ തുടർന്നാണ് അവനെ സ്നാക്സും കുടിവെള്ളവും നൽകി കാറിൽ ഇരുത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കുട്ടിയെ ഉപേക്ഷിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും ഇയാൾ വാദിച്ചു. വേനൽക്കാലത്ത് മൗണ്ട് ഫ്യൂജി കയറാൻ ആയിരക്കണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനങ്ങളും തണുപ്പും കാരണം അപകട സാധ്യതകൾ നിറഞ്ഞ ഈ പ്രദേശത്ത് കുട്ടിയെ മണിക്കൂറുകളോളം തനിച്ചാക്കി പോയത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

YouTube video player