ചില എണ്ണകളിൽ ഹൃദയാരോഗ്യത്തിന് മികച്ച അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ടെങ്കിൽ, മറ്റു ചിലതിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന പൂരിത കൊഴുപ്പ് കൂടുതലായി കാണപ്പെടുന്നു.
പച്ചക്കറികൾ വഴറ്റാനും കറികൾ തയ്യാറാക്കാനും സലാഡുകൾ അലങ്കരിക്കാനുമെല്ലാം നമ്മൾ ദിവസവും പാചക എണ്ണ ഉപയോഗിക്കാറുണ്ട്. എന്നാൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഉപയോഗിക്കുന്ന എണ്ണയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടത് ആവശ്യമാണ്. ചില എണ്ണകളിൽ ഹൃദയാരോഗ്യത്തിന് മികച്ച അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ടെങ്കിൽ, മറ്റു ചിലതിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന പൂരിത കൊഴുപ്പ് കൂടുതലായി കാണപ്പെടുന്നു. ഹൃദയാരോഗ്യത്തിന് അനുയോജ്യമായ അഞ്ച് പാചക എണ്ണകൾ ഏതൊക്കെയാണെന്ന് നോക്കാം.
1. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ
മോണോ അൺസാചുറേറ്റഡ് കൊഴുപ്പുകളാലും പോളിഫെനോളുകളാലും സമ്പന്നമാണ് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ. ഇവ ശരീരത്തിലെ വീക്കങ്ങളും നീർക്കെട്ടും കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
2. അവോക്കാഡോ ഓയിൽ
മോണോ അൺസാചുറേറ്റഡ് കൊഴുപ്പുകളും വിറ്റാമിൻ ഇ-യും ധാരാളമായി അടങ്ങിയിട്ടുള്ള മറ്റൊരു എണ്ണയാണിത്. ഇത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ നിലനിർത്താനും സഹായിക്കും.
3. ഫ്ലാക്സ് സീഡ് ഓയിൽ
ഫ്ലാക്സ് സീഡുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഈ എണ്ണയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെയും കൊളസ്ട്രോൾ മെറ്റബോളിസത്തെയും പിന്തുണയ്ക്കുന്നു. അതേസമയം ഉയർന്ന ചൂടിലുള്ള പാചകത്തിന് ഫ്ലാക്സ് സീഡ് ഓയിൽ ഉപയോഗിക്കരുത്.
4. വാൽനട്ട് ഓയിൽ
ഒമേഗ-3 ഫാറ്റി ആസിഡുകൾ, പോളിഫെനോളുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ വാൽനട്ട് ഓയിലിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണക്രമത്തിൽ ഇത് ഉൾപ്പെടുത്താം.
5. വെളിച്ചെണ്ണ
വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ അല്പം ശ്രദ്ധ ആവശ്യമാണ്. ഇതിലെ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ വേഗത്തിൽ ദഹിക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുമെങ്കിലും, ഇതിൽ പൂരിത കൊഴുപ്പ് ഉയർന്ന അളവിലുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കൂട്ടാൻ കാരണമായേക്കാം. അതിനാൽ വെളിച്ചെണ്ണ പ്രധാന പാചക എണ്ണയായി ഉപയോഗിക്കുന്നതിന് പകരം മിതമായ അളവിൽ മാത്രം ഉപയോഗിക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.


