
ഗുരുവായൂർ: ആറ് മണ്ഡപങ്ങൾ, വിവാഹ ചടങ്ങ് നിർവഹിക്കാൻ കൂടുതൽ കോയ്മമാർ, സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായികല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതൽ പൊലീസും. ഇതിനകം 437 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർണം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് പുലർച്ചെ നാലുമണിമുതൽ വിവാഹങ്ങൾ ആരംഭിക്കും.
അവസാനവട്ട ഒരുക്കങ്ങൾ പരിശോധിക്കാൻ ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും പൊലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ശനിയാഴ്ച യോഗം ചേർന്നിരുന്നു. ക്ഷേത്രപരിസരത്തും കിഴക്കേ നടയിലും വിവാഹ മണ്ഡപത്തിലും സന്ദർശനം നടത്തി. വിവാഹസംഘങ്ങൾക്ക് കിഴക്കേ നടവഴിയും തെക്കേ നടയിലെ വനമാല ഹോട്ടലിന് സമീപത്തെ ദേവസ്വം ഗേറ്റ് വഴിയും മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ നടപ്പന്തലിലെത്തി ടോക്കൺ വാങ്ങി കസേരയിൽ വിശ്രമിക്കാം.
ആദ്യമാദ്യം എത്തുന്നവർക്ക് ടോക്കൺ നമ്പർ നൽകും. തുടർന്ന് ഊഴമെത്തുമ്പോൾ മണ്ഡപത്തിലേക്ക് കടത്തിവിടും. വിവാഹ സംഘത്തിന് കാണാൻ കഴിയുന്ന നിലയിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡിലും വിവിധ പോയിൻ്റുകളിലും രാവിലെ മൂന്നരയോടെ പൊലീസിനെ വിന്യസിക്കും. ഇന്നർറിങ്, ഔട്ടർ റിങ് റോഡുകളിൽ ഉൾപ്പെടെ വാഹന പാർക്കിങ് അനുവദിക്കില്ല. പാർക്കിങ്ങിനായി ദേവസ്വം ബഹുനില പാർക്കിങ്ങ് സമുച്ചയം, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, ദേവസ്വം ഇഗ്ലീഷ് മീഡിയം സ്കൂൾ മൈതാനം, സമീക്ഷ പറമ്പ്, നഗരസഭയുടെ പാർക്കിങ്ങ് സമുച്ചയം എന്നീ കേന്ദ്രങ്ങളെ സമീപിക്കാം.
കിഴക്കേ നടയിലെത്തുന്ന ഭക്തർക്ക് ദീപസ്തംഭത്തിന് മുന്നിൽ നിന്നുള്ള ദർശനത്തിന് പ്രത്യേക വഴി ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങൾ ദർശന ശേഷം തെക്കേ നടവഴി മടങ്ങിപ്പോകണമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്രത്തിനകത്തും പുറത്തുമായി മാത്രം നൂറിലേറെ പൊലീസുകാർ ഭക്തർക്ക് സുരക്ഷയൊരുക്കും. മഫ്തിയിലുള്ള പൊലീസ് സംഘവും ക്ഷേത്രത്തിലുണ്ടാകും. വനിതാ പൊലീസിനെയും അധികമായി നിയോഗിച്ചിട്ടുണ്ട്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam