'ഈ കൈകൾ ശുദ്ധമാണ്, താനോ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല'; ഇഡി അന്വേഷണത്തിൽ പിണറായി വിജയൻ

Published : Aug 22, 2026, 12:09 PM IST
Pinarayi Vijayan

Synopsis

മകൾക്കെതിരായ ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി പിണറായി വിജയൻ. താനോ തൻ്റെ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല. അന്വേഷണവുമായി സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം: മകൾ വീണ ടിയ്ക്കെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താനോ തൻ്റെ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പറഞ്ഞ പിണറായി വിജയൻ, തൻ്റെ കൈകൾ ശുദ്ധമാണെന്നും വ്യക്തമാക്കി. അന്വേഷണവുമായി വീണ സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

വീണ തന്റെ മകളാണ് എന്ന പേരിലാണല്ലോ ഇത്തരം പ്രശ്നങ്ങൾ ഉയർന്നുവരുന്നത്. വീണ ഒരുപാട് സ്വത്തിൻ്റെ ഉടമ അല്ല. ഇതിൽ കേൾക്കുന്ന പണവും വലുതല്ല. തന്റെ മകളായതിനാൽ വിചിത്രമായ നടപടികൾ കൂടി വരികയാണ്. സാധാരണ ഇഡി വാർത്താക്കുറിപ്പ് ഇറക്കാറില്ല, വെബ്സൈറ്റിലാണ് വിവരം നൽകാറ്. ഈ വിഷയത്തിൽ വാർത്താക്കുറിപ്പ് പുറത്തിറക്കി. വാർത്താക്കുറിപ്പിൽ പി വിജയൻ എന്നാണ് പറഞ്ഞിരിക്കുന്നത്. മുൻ മുഖ്യമന്ത്രി എന്നും പറഞ്ഞു. എന്താണ് അങ്ങനെ പറയാൻ കാരണമെന്ന് പിണറായി വിജയൻ ചോദിച്ചു.

ഇത്തരം കാര്യങ്ങളിൽ തനിക്കെതിരെ വാർത്ത നൽകുന്ന ചില മാധ്യമങ്ങൾ ഉണ്ട്. ഭർത്താവ് മുഹമ്മദ് റിയാസിൻ്റെ അക്കൗണ്ടിലേക്ക് വീണ പണം മാറ്റിയെന്ന വാ‍ർത്ത നൽകിയത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. പിണറായി വിജയനു നേരെയായാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നത്. അന്വേഷണവുമായി വീണ സഹകരിച്ചു. വിവരങ്ങൾ നൽകാൻ ഇനിയും മടിയുണ്ടാകില്ല. താനോ തൻ്റെ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല. അതിൽ പൂർണ ബോധ്യമുണ്ട്. ഈ കൈകൾ ശുദ്ധമാണ്. ഇനിയും ശുദ്ധമായിരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

മുമ്പ് തനിക്കെതിരെ നടന്ന സിബിഐ അന്വേഷണത്തെക്കുറിച്ചും പിണറായി വിജയൻ പറഞ്ഞു. "എനിക്കെതിരെയും സിബിഐ അന്വേഷണമുണ്ടായിരുന്നു. 1996ൽ ഒരാൾ കണ്ണൂരിൽ വന്ന് സമീപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് രണ്ടോ മൂന്നോ കോടി രൂപ തന്നുവെന്നാണ് ആരോപണം. എന്നാൽ എൻ്റെ നിലപാട് സിബിഐയ്ക്ക് ബോധ്യപ്പെട്ടു. ഞങ്ങളെ കുടുക്കാനായി ആളുകൾ ഏറെക്കാലമായി പിന്നാലെയുണ്ട്"- പിണറായി വിജയൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നു, പൊലീസ് മേധാവിയെ വിളിച്ചു വരുത്തിയ നടപടി ഒറ്റപ്പെട്ടതല്ല; പിണറായി വിജയൻ
അർജുൻ ആയങ്കിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പൊലീസ്