
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജലരാജാവായി അരോമ ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് ഇവര് കപ്പിൽ മുത്തമിട്ടത്. നെഹ്റു ട്രോഫിയിൽ പുത്തൻ താരോദയമാകുകയാണ് അരോമ. 4.23.328 ആണ് തുഴഞ്ഞെത്തിയ സമയം. രണ്ടാമനായത് നടുഭാഗമാണ് (4.23.44). മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ വള്ളങ്ങളാണ് ഫൈനൽ ലൈനപ്പിലെത്തിയത്. അരോമയുടെ ആദ്യകിരീട നേട്ടമാണിത്.
ആദ്യ ഹീറ്റ്സിൽ വീയപുരം ഒന്നാമതെത്തി. 4.20 മിനിറ്റാണ് എടുത്ത സമയം. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ 5 മിനിറ്റിൽ ഏറെ സമയം എടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് ചെയ്തത്. മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ഒന്നാമതെത്തി. 4 മിനിറ്റും 17 സെക്കൻഡും എടുത്താണ് ഫിനിഷ് ചെയ്തത്. നാലാം ഹീറ്റ്സിൽ അരോമ ഒന്നാമതെത്തി. 4 മിനിറ്റും 27 സെക്കൻഡും എടുത്താണ് പൂർത്തിയായത്. അഞ്ചാം ഹീറ്റ്സിൽ നിരണവും ആറാം ഹീറ്റ്സിൽ ആനാരിയും ഒന്നാമതെത്തി. നാല് മിനിറ്റും 28 സെക്കൻഡും എടുത്ത് നിരണം ഫിനിഷ് ചെയ്തപ്പോൾ 5 മിനിറ്റിന് മുകളിൽ സമയമെടുത്താണ് ആനാരി ലക്ഷ്യസ്ഥാനത്ത് എത്തിയത്.
ഉച്ചയോടെ നെഹ്റു ട്രോഫി ജലമേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയർത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam