
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ഐ ആം ഗെയിമിന്റെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദുല്‍ഖര്‍ മാത്രമാണ് പോസ്റ്ററില്‍. ഓണം റിലീസ് ആയി ഓഗസ്റ്റ് 20 ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ റിലീസ് നീട്ടിവെക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ പിന്നീട് അറിയിക്കുകയായിരുന്നു. സെപ്റ്റംബര്‍ 3 ആണ് പുതിയ റിലീസ് തീയതി. അതായത് ഓണത്തിന് തൊട്ടുപിന്നാലെ ചിത്രം തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ഐ ആം ഗെയിം മലയാള സിനിമാ പ്രേമികൾ ഏറ്റവും ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ്. അതീവ സ്റ്റൈലിഷ് ലുക്കിൽ മാസ്സ് കഥാപാത്രമായാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിലെത്തുന്നത്. മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്തുന്നത്. ജേക്സ് ബിജോയ് സംഗീതമൊരുക്കിയ ചിത്രത്തിന്റെ മ്യൂസിക് അവകാശം നേടിയത് സീ മ്യൂസിക് ആണ്. ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്.
മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകയ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് "ഐ ആം ഗെയിം". ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറിൽ, ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് "ഐ ആം ഗെയിം".
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ